ഹാലിഫാക്സ് : അടുത്ത രണ്ടു ദിവസം നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ. ചൊവ്വാഴ്ച പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും ഈർപ്പവും കൂടി ചേരുമ്പോൾ 40 ഡിഗ്രി സെൽഷ്യസായും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ബുധനാഴ്ചത്തെ താപനില 30 ഡിഗ്രി സെൽഷ്യസും ഈർപ്പത്തിനൊപ്പം 35 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അടുത്ത രണ്ട് ദിവസത്തേക്ക് രാത്രിയിൽ 18 ഡിഗ്രി സെൽഷ്യസായിരിക്കും താപനില.

പടിഞ്ഞാറൻ, മധ്യ നോവസ്കോഷയിലായിരിക്കും ചൂടിന്‍റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുക. എന്നാൽ, തീരപ്രദേശങ്ങളിൽ താരതമ്യേന ചൂട് കുറവായിരിക്കും. അന്നാപൊളിസ്, കോൾചെസ്റ്റർ – ട്രൂറോ, ഡിഗ്ബി, ഹാലിഫാക്സ്, ഹാലിഫാക്സ് മെട്രോ, ഹാലിഫാക്സ് വെസ്റ്റ്, ഹാന്റ്സ്, കിങ്‌സ്, ലുനെൻബർഗ്, ക്വീൻസ്, ഷെൽബേൺ, യാർമൗത്ത് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.