ഓട്ടവ : കനേഡിയൻ വിനോദസഞ്ചാരിയെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. നോവസ്കോഷ സ്വദേശി 38 വയസ്സുള്ള ഡോറിയൻ ക്രിസ്റ്റ്യൻ മക്ഡോണൾഡാണ് മരിച്ചത്. ജൂൺ 20-ന് പുലർച്ചെ രണ്ട് മണിയോടെ ബീച്ചിൽ നടക്കാൻ പോയതിന് പിന്നാലെ ഡോറിയൻ ക്രിസ്റ്റ്യനെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം കടൽത്തീരത്ത് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തി. ഗ്ലോബൽ അഫയേഴ്‌സ് കാനഡ വക്താവ് ഡോറിയൻ ക്രിസ്റ്റ്യൻ മക്ഡോണൾഡിന്‍റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ദ്വീപിന്‍റെ വടക്കൻ തീരത്തുള്ള പ്യൂർട്ടോ പ്ലാറ്റയിലെ ഹോട്ടലിൽ മക്ഡോണൾഡ് ഒറ്റയ്ക്ക് അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. അതേസമയം അദ്ദേഹത്തിന്‍റെ മൃതദേഹം കാനഡയിൽ എത്തിക്കുന്നതിന് സാമ്പത്തിക സഹായം അഭ്യർത്ഥിക്കുകയാണ് കുടുംബം. മക്ഡോണൾഡിൻ്റെ കുടുംബത്തിനുവേണ്ടി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശവസംസ്കാരച്ചെലവുകൾക്കും മൃതദേഹം കാനഡയിൽ തിരികെ കൊണ്ടുവരുന്നതിനുമാണ് ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.