എഡ്മിന്‍റൻ : ആൽബർട്ട ഷെരീഫ്സ് പൊലീസ് സർവീസിന്‍റെ ആദ്യ മേധാവിയായി സാറ്റ് പർഹാറിനെ നിയമിച്ച് പ്രീമിയർ ഡാനിയേൽ സ്മിത്ത്. പുതിയ പ്രവിശ്യാ പൊലീസ് സേനയുടെ ആസ്ഥാനമായി കാൽഗറിയെ നിശ്ചയിച്ചതായും പ്രീമിയർ അറിയിച്ചു. ആൽബർട്ട ഷെരീഫ്സ് പൊലീസ് സർവീസ് ആർസിഎംപിയ്‌ക്കോ മറ്റേതെങ്കിലും പൊലീസ് സർവീസിനോ പകരമുള്ളതല്ലെന്നും ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. അതേസമയം ആൽബർട്ടയുടെ ഔദ്യോഗിക നിയമ നിർവ്വഹണ സേവനമായി ആർസിഎംപി തുടരുമെന്നും അവർ പറഞ്ഞു. 25 വർഷത്തിലേറെ കാൽഗറി പൊലീസ് സർവീസിൽ സേവനമനുഷ്ഠിക്കുന്ന സാറ്റ് പർഹാറിന്‍റെ ആദ്യ ഉത്തരവാദിത്വം എക്സിക്യൂട്ടീവ് ടീമിനെ നിയമിക്കുന്നതിനൊപ്പം ആൽബർട്ട നിയമ നിർവ്വഹണ സംഘടനകളുടെ നിലവിലുള്ള ശൃംഖലയുമായി ബന്ധം സ്ഥാപിക്കുക എന്നതായിരിക്കും,” അവർ വ്യക്തമാക്കി.

പുതിയ സേന രൂപീകരിക്കുന്നതോടെ നിയമ നിർവ്വഹണ ശേഷി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൊതുസുരക്ഷാ മന്ത്രി മൈക്ക് എല്ലിസ് പറഞ്ഞു. ആർസിഎംപിയുടെ ചിലവുകൾ വർധിച്ചുകൊണ്ടിരിക്കുന്നതും അടിയന്തിര സേവന നമ്പറിൽ വിളിച്ചതിന് ശേഷം ആൽബർട്ട നിവാസികൾ സഹായത്തിനായി വളരെ നേരം കാത്തിരിക്കേണ്ടി വരുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മന്ത്രി പറയുന്നു.