വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ലിറ്റൺ ഗ്രാമത്തിന് സമീപം അനിയന്ത്രിതമായി പടരുന്ന കാട്ടുതീ ആർസിഎംപി വാഹനം മൂലം അബദ്ധത്തിൽ ഉണ്ടായതാണെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ആരംഭിച്ച, വീടുകൾക്ക് ഭീഷണിയായും ഗ്രാമത്തിൽ ഒഴിപ്പിക്കൽ ഉത്തരവുകൾക്ക് കാരണവുമായ ഇസ്മാൻ ക്രീക്ക് കാട്ടുതീ ഇപ്പോൾ ഏകദേശം 130 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചിട്ടുണ്ട്.

ഒരു ആർസിഎംപി ട്രെയിലറിന്‍റെ ഉപകരണങ്ങളുടെ തകരാറാണ് തീപിടുത്തത്തിന് കാരണമായതെന്ന് സ്റ്റാഫ് സാർജൻ്റ് ക്രിസ് ക്ലാർക്ക് അറിയിച്ചു. ട്രെയിലറിന്‍റെ ടയർ തെറിച്ചുവീണ് പുല്ല് നിറഞ്ഞ കുഴിയിൽ തീ പടർന്നതായി തോന്നുന്നു, ക്ലാർക്ക് കൂട്ടിച്ചേർത്തു. അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ അവർക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അദ്ദേഹം പറഞ്ഞു.

ഇസ്മാൻ ക്രീക്ക് കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തിക്കുന്ന ഗ്രൗണ്ട് ക്രൂവിനെ സഹായിക്കുന്നതിന് മൂന്ന് ഹെലികോപ്റ്ററുകൾ നിയോഗിച്ചിട്ടുണ്ടെന്ന് ബി സി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ എൺപത്തിഅഞ്ചിലധികം കാട്ടുതീകളിൽ ഇസ്മാൻ ക്രീക്ക് തീയും ഉൾപ്പെടുന്നു. ഇതിൽ 31 എണ്ണം നിയന്ത്രണാതീതമാണെന്ന് തരംതിരിച്ചിട്ടുണ്ട്.