ഓട്ടവ : തുടർച്ചയായ ഒമ്പതാം മാസവും കാനഡയിൽ വാടക നിരക്ക് വീണ്ടും കുറഞ്ഞതായി Rentals.ca റിപ്പോർട്ട്. ജൂണിൽ കാനഡയിലെ എല്ലാ റെസിഡൻഷ്യൽ പ്രോപ്പർട്ടികളുടെയും ശരാശരി വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.7% കുറഞ്ഞ് പ്രതിമാസം 2,125 ഡോളറായി. എന്നാൽ, തുടർച്ചയായ ഇടിവ് ഉണ്ടായിട്ടും വാടക 2022 ജൂണിനെ അപേക്ഷിച്ച് 11.9% കൂടുതലും 2023 ജൂണിനെ അപേക്ഷിച്ച് 4.1% കൂടുതലുമാണെന്ന് Rentals.ca റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ കോണ്ടോ അപ്പാർട്ട്മെൻ്റ് വാടക 4.9% കുറഞ്ഞു. വീടുകൾക്കും ടൗൺഹോമുകൾക്കുമുള്ള വാടക കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 6.6% കുറഞ്ഞതായും Rentals.ca അറിയിച്ചു. മൂന്ന് വർഷത്തിനിടെ കോണ്ടോകളുടെ വാടകയിൽ 1.6% നേരിയ വർധന രേഖപ്പെടുത്തിയപ്പോൾ വീടുകളുടെയും ടൗൺഹൗസുകളുടെയും വാടക 2022 ജൂണിനെ അപേക്ഷിച്ച് 0.2% കുറഞ്ഞു. സിംഗിൾ, ഡബിൾ ബെഡ്‌റൂം യൂണിറ്റുകളുടെ വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.5% കുറഞ്ഞതായും Rentals.ca റിപ്പോർട്ട് ചെയ്തു. അതേസമയം സ്റ്റുഡിയോ, മൂന്ന് കിടപ്പുമുറി വാടക വാർഷിക നിരക്കിൽ 0.4% കുറവ് രേഖപ്പെടുത്തി. എന്നാൽ, രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ 12.2 ശതമാനവും മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 19.3 ശതമാനവും സ്റ്റുഡിയോ വാടക വർധിച്ചിട്ടുണ്ട്.

സസ്കാച്വാനിലെ ശരാശരി വാടക 2.3% ഉയർന്ന് 1,446 ഡോളറിലെത്തിയപ്പോൾ അറ്റ്ലാൻ്റിക് കാനഡയിലെ വാടക 0.2% ഉയർന്ന് 2,155 ഡോളറിലുമെത്തി. രാജ്യത്ത് ആൽബർട്ടയിലാണ് വാടകനിരക്കിൽ ഏറ്റവും വലിയ ഇടിവ് ഉണ്ടായത്. പ്രവിശ്യയിൽ ശരാശരി വാടക ആറ് ശതമാനം കുറഞ്ഞ് 1,844 ഡോളറിലെത്തി. ബ്രിട്ടിഷ് കൊളംബിയയിൽ 3.2% കുറഞ്ഞ് 2,150 ഡോളറിലെത്തി. ഒൻ്റാരിയോയിൽ വാടക 2.5% കുറഞ്ഞ് 2,358 ഡോളറായി. മാനിറ്റോബ (1.2 ശതമാനം കുറഞ്ഞ് 1,600 ഡോളർ), കെബെക്ക് (1972 ഡോളർ) എന്നീ പ്രവിശ്യകളിലെ വാടക കുറഞ്ഞു. കാനഡയിലെ പ്രധാന നഗരങ്ങളിൽ, കാൽഗറി, വൻകൂവർ, ടൊറൻ്റോ എന്നിവിടങ്ങളിലാണ് വാടക ഇടിവിൽ മുന്നിൽ.