റെജൈന : പ്രവിശ്യയിലെ മിനിമം വേതനം ഒക്ടോബർ ഒന്ന് മുതൽ മണിക്കൂറിന് 15.34 ഡോളറായി വർധിക്കുമെന്ന് ഡെപ്യൂട്ടി പ്രീമിയറും തൊഴിൽ മന്ത്രിയുമായ ജിം റീറ്റർ പ്രഖ്യാപിച്ചു. മിനിമം വേതനത്തിൽ 34% വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. അതേസമയം ഏപ്രിൽ ഒന്ന് മുതൽ ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 17.75 ഡോളറായി വർധിച്ചിരുന്നു. ഇതോടെ 15 ഡോളർ മിനിമം വേതനം നൽകുന്ന ആൽബർട്ടയ്ക്ക് തൊട്ടുപിന്നിൽ കാനഡയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ മിനിമം വേതനം നൽകുന്ന പ്രവിശ്യയായി സസ്കാച്വാൻ മാറും.

ഉപഭോക്തൃ വില സൂചികയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് പ്രവിശ്യയിൽ മിനിമം വേതന വർധന നടപ്പിലാക്കുന്നതെന്ന് ജിം റീറ്റർ പറയുന്നു. മിനിമം വേതനം വർധിപ്പിക്കുന്നതിലൂടെ പ്രവിശ്യയിലെ തൊഴിലാളികൾക്ക് ഉയർന്ന ജീവിതച്ചെലവിനെ മറികടക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. 2007-ൽ, സസ്കാച്വാനിലെ കുറഞ്ഞ വേതനം 7.95 ഡോളർ ആയിരുന്നു. ഒക്ടോബറിൽ ആ സമയത്തേക്കാൾ 93% വർധനയ്ക്ക് തുല്യമാകുമെന്ന് പ്രവിശ്യ സർക്കാർ പറയുന്നു.