എഡ്മിന്‍റൻ : പ്രവിശ്യയിലുടനീളമുള്ള പുതിയ ഭവന പദ്ധതികൾക്കായി 20 കോടി 30 ലക്ഷം ഡോളറിന്‍റെ കരാറിൽ ഒപ്പുവെച്ച് ആൽബർട്ട-ഫെഡറൽ സർക്കാർ. സംയുക്ത ധനസഹായത്തിലൂടെ പ്രവിശ്യയിലുടനീളം രണ്ടായിരത്തി മുന്നൂറിലധികം വീടുകൾ നിർമ്മിക്കുമെന്ന് ആൽബർട്ട സാമൂഹിക സേവന മന്ത്രി ജേസൺ നിക്സൺ അറിയിച്ചു. ഇതിൽ എഡ്മിന്‍റൻ നഗരമധ്യത്തിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള ഭവന നിർമ്മാണം മുതൽ കാൽഗറിയിലെ ഭവനരഹിതർക്കുള്ള വീടുകൾ വരെയുള്ള പദ്ധതികൾ ഉൾപ്പെടുന്നതായി മന്ത്രി അറിയിച്ചു. 2031-ഓടെ 82,000 വീടുകൾ നിർമ്മിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ ഫണ്ട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രവിശ്യ-ഫെഡറൽ സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ആവശ്യമുള്ളവർക്ക് വീടുകൾ നിർമ്മിക്കുന്നതിനപ്പുറം, ധനസഹായം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കാനഡയുടെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകുമെന്നും ഫെഡറൽ പ്രൈറീസ് സാമ്പത്തിക വികസന മന്ത്രി എലീനർ ഓൾസ്വെസ്കി പറയുന്നു. കനേഡിയൻ സാങ്കേതികവിദ്യ, കനേഡിയൻ ജീവനക്കാരെ ഉപയോഗിക്കൽ, കനേഡിയൻ തടികളെ ആശ്രയിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു, മന്ത്രി വ്യക്തമാക്കി.