ടൊറൻ്റോ : വെള്ളിയാഴ്ച രാത്രി എയ്ജാക്സിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. രാത്രി പതിനൊന്ന് മണിയോടെ ടൗണ്ടൺ റോഡ് ഈസ്റ്റിലെ സലേം റോഡ് നോർത്തിലുള്ള വീട്ടിലാണ് സംഭവമെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു. അവിടെ തന്‍റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ആയുധധാരിയായ വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു.

സംഭവസ്ഥലത്ത് എത്തിയപ്പോൾ വീട്ടിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് നിരവധി പേരെ വീട്ടിൽ നിന്ന് രക്ഷപ്പെടുത്തി. അയൽവാസികളെ ഒഴിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഒരാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ റിപ്പോർട്ട് ചെയ്തു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഒൻ്റാരിയോ ഫയർ മാർഷൽ അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-579-1520 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.