ബ്രാംപ്ടൺ : നഗരത്തിൽ 2SLGBTQ+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കെതിരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ അഞ്ച് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് പീൽ റീജനൽ പൊലീസ്. സോഷ്യൽ മീഡിയയിലൂടെ പ്രതികൾ സ്വവർഗാനുരാഗികൾ എന്ന വ്യാജേനയാണ് 2SLGBTQ+ കമ്മ്യൂണിറ്റി അംഗങ്ങളെ പരിചയപ്പെടുന്നത്. തുടർന്ന് അവരെ കൊള്ളയടിക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ചില സമയത്ത് പ്രതികൾ കൊള്ളയടിക്കാൻ തോക്ക് ഉപയോഗിച്ചതായും പീൽ പൊലീസ് ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് മെയ് 31 ശനിയാഴ്ച, രണ്ട് പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആകെ ആറ് പ്രതികളെ തിരിച്ചറിഞ്ഞതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജരായ ബ്രാംപ്ടണിൽ നിന്നുള്ള 20 വയസ്സുള്ള അഭിജോത് സിങ്, മിസ്സിസാഗ സ്വദേശി റിധാംപ്രീത് സിങ് എന്നിവർ ഉൾപ്പെടുന്നു. ജൂലൈ 4 വെള്ളിയാഴ്ച, പീൽ മേഖലയിലെ നിരവധി വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തി. തുടർന്ന് ബ്രാംപ്ടണിൽ നിന്നുള്ള 18 വയസ്സുള്ള ഹാർദിൽ സിങ് മെഹ്‌റോക്ക്, 16-ഉം 17-ഉം വയസ്സുള്ള രണ്ട് കൗമാരക്കാർ എന്നിവരെ അറസ്റ്റ് ചെയ്തു.

മെയ് മാസത്തിന്‍റെ തുടക്കത്തിൽ, ബ്രാംപ്ടണിൽ ഒരു വ്യാപാര സ്ഥാപനത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ഇന്ത്യൻ വംശജരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പീൽ മേഖലയിലെ ദക്ഷിണേഷ്യൻ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളുടെ ഭാഗമാണ് ഈ സംഭവമെന്ന് പീൽ റീജനൽ പൊലീസ് പറയുന്നു.
