ഓട്ടവ : കാട്ടുതീ പുക രാജ്യത്തെ വിവിധ പ്രവിശ്യകളെ ബാധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ അതിന്‍റെ ആഘാതത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ. ജനങ്ങൾ കാട്ടുതീ പുകയെക്കുറിച്ചും അവയുടെ അപകടസാധ്യതകളെക്കുറിച്ചും ബോധവാന്മാരായിരിക്കണെമെന്ന് വായു ഗുണനിലവാര വിദഗ്ദ്ധൻ ജെഫ്രി ബ്രൂക്ക് പറയുന്നു. ചില പ്രദേശങ്ങളിലെ വായു ഗുണനിലവാരത്തിന്‍റെ തീവ്രത കണക്കിലെടുക്കുമ്പോൾ പുകയുടെ ആഘാതങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുതീ പുകയിൽ അടങ്ങിയിട്ടുള്ള വളരെ ഉയർന്ന അളവിലുള്ള കണികാ പദാർത്ഥങ്ങൾ, ആളുകൾക്ക് അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്ക് കാരണമാകും. പുകയുടെ ഫലമായി, വ്യക്തികൾക്ക് കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിലെ അസ്വസ്ഥത, തലവേദന അല്ലെങ്കിൽ നേരിയ ചുമ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാമെന്ന് ജെഫ്രി ബ്രൂക്ക് പറയുന്നു. കൂടുതൽ ഗുരുതരമായ കേസുകളിൽ, ശ്വാസതടസ്സം, നെഞ്ചുവേദന, ശക്തമായ ചുമ എന്നിവ അനുഭവപ്പെടാം. കാട്ടുതീ പുക കാനഡയുടെ പല ഭാഗങ്ങളെയും ബാധിക്കുന്നതിനാൽ, കാട്ടുതീ പുകയുടെ ആഘാതങ്ങളെക്കുറിച്ച് കനേഡിയൻമാർ പൗരന്മാർ കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ബ്രൂക്ക് പറഞ്ഞു.

മാനിറ്റോബയിലെ കാട്ടുതീയിൽ നിന്നുള്ള പുക നാല് പ്രവിശ്യകളിൽ വായൂമലിനീകരണം രൂക്ഷമാക്കിയിട്ടുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാനഡയിലുടനീളം 281 സജീവ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നിലവിലുണ്ട്. മാനിറ്റോബയുടെയും സസ്കാച്വാന്‍റെയും പല ഭാഗങ്ങളിലും വായു ഗുണനിലവാരം മോശമാണ്. എന്നാൽ, ഈ പ്രവിശ്യകൾ മാത്രമല്ല കാട്ടുതീയിൽ നിന്നുള്ള പുക ബാധിക്കുന്നത്. വടക്കൻ ഒൻ്റാരിയോയിലെ മിക്ക ഭാഗങ്ങളെയും കെബെക്കിന്‍റെ ചില ഭാഗങ്ങളെയും പുക ബാധിച്ചിട്ടുണ്ട്. മാനിറ്റോബയിൽ, നിലവിൽ 107 സജീവ തീപിടുത്തങ്ങളുണ്ട്.