ഓട്ടവ : രാജ്യത്തുടനീളം പടർന്നുപിടിക്കുന്ന കാട്ടുതീ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് ഇൻസിഡൻ്റ് റെസ്‌പോൺസ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും. മെയ്, ജൂൺ മാസങ്ങളിലുണ്ടായ കാട്ടുതീ തരംഗത്തെ തുടർന്ന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമാരുമായും യോഗം ചേർന്നിരുന്നു. കാട്ടുതീക്ക് ഒരു ഇടവേള വന്നെങ്കിലും പിന്നീട് സസ്കാച്വാൻ, മാനിറ്റോബ, വടക്കൻ ഒൻ്റാരിയോ എന്നിവിടങ്ങളിൽ വീണ്ടും തീ കത്തിപ്പടരുകയാണ്.

നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയിൽ ആറായിരത്തിലധികം ആളുകൾ നിലവിൽ വീടുകളിൽ നിന്ന് പുറത്തുപോയിട്ടുണ്ട്. ലിൻ ലേക്ക്, സ്നോ ലേക്ക് എന്നീ കമ്മ്യൂണിറ്റികൾ ആഴ്ചകൾക്കുള്ളിൽ രണ്ടാം തവണയും താമസക്കാരോട് പലായനം ചെയ്യാൻ ഉത്തരവിട്ടു. സസ്കാച്വാനിൽ കാട്ടുതീ കാരണം നിരവധി കമ്മ്യൂണിറ്റികളിലായി ഏകദേശം 1,000 താമസക്കാരെ ഒഴിപ്പിച്ചു. കൂടാതെ കാട്ടുതീ പുക പടർന്നതോടെ കാനഡയിലെ നിരവധി നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്.