വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലുടനീളം 69 കാട്ടുതീകൾ സജീവമായി കത്തിപ്പടരുന്നുണ്ടെന്ന് ബിസി വൈൽഡ്‌ഫയർ സർവീസ് (ബിസിഡബ്ല്യുഎസ്) റിപ്പോർട്ട് ചെയ്തു. കാട്ടുതീയുടെ ഫലമായി പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ പുക നിറഞ്ഞിട്ടുണ്ട്. കാട്ടുതീ പുകയുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരുകയോ പുറത്ത് ഇറങ്ങുന്നവർ മാസ്ക് ഉപയോഗിക്കുകയോ ചെയ്യണമെന്ന് ബിസിഡബ്ല്യുഎസ് അഭ്യർത്ഥിച്ചു.

പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത ഭൂരിഭാഗം തീപിടുത്തങ്ങളും നിയന്ത്രണത്തിലാണെന്ന് വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. എന്നാൽ,15 തീപിടുത്തങ്ങൾ നിയന്ത്രണാതീതമാണ്. ഈ തീപിടിത്തങ്ങളെ തുടർന്ന് നാല് ഒഴിപ്പിക്കൽ മുന്നറിയിപ്പുകളും നാല് ഒഴിപ്പിക്കൽ ഉത്തരവുകളും നൽകിയിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കാൻ പ്രവിശ്യയിലുടനീളമുള്ള ബാധിത പ്രദേശങ്ങളിൽ 326 അഗ്നിശമന സേനാംഗങ്ങൾ പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, 69 വിമാനങ്ങളും ഉപയോഗിക്കുന്നതായി BCWS അറിയിച്ചു.
