ടൊറൻ്റോ : കനേഡിയൻ സ്റ്റീൽ വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ചൈനയിൽ നിന്നുള്ള എല്ലാ സ്റ്റീൽ ഉൽപ്പന്നങ്ങൾക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ആഗോള വ്യാപാര യുദ്ധഭീഷണി നിലനിൽക്കെയാണ് പ്രഖ്യാപനം. കൂടാതെ 2024 ൽ ഓരോ രാജ്യത്തുനിന്നും എത്ര സ്റ്റീൽ ഇറക്കുമതി ചെയ്തു എന്നതിനെ അടിസ്ഥാനമാക്കി കാനഡ ഇറക്കുമതി ക്വാട്ടയും ഏർപ്പെടുത്തും, ഒൻ്റാരിയോ ഹാമിൽട്ടണിലെ സ്റ്റീൽ നിർമ്മാണ കമ്പനിയിൽ നടന്ന ചടങ്ങിനിടെ മാർക്ക് കാർണി അറിയിച്ചു. കാനഡയുമായി ഇതിനകം ഒരു സ്വതന്ത്ര വ്യാപാര കരാർ ഇല്ലാത്ത രാജ്യങ്ങളെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക.

ഉരുക്ക് വിപണികളുടെ ആഗോള പുനഃക്രമീകരണം കാനഡയുടെ സ്റ്റീൽ വ്യവസായത്തെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഗസ്റ്റ് 1-ഓടെ ട്രംപുമായി ഒരു പുതിയ സാമ്പത്തിക കരാർ നേടാൻ കാനഡ ശ്രമിക്കുന്നതിനാൽ യുഎസ് കൌണ്ടർ താരിഫുകളിൽ ഉടനടി മാറ്റങ്ങളൊന്നും വരില്ലെന്ന് കാർണി പറയുന്നു.