ടൊറൻ്റോ : യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഓരോ ഫുട്ബോൾ ആരാധകരും. കാനഡയില്‍ വൻകൂവറിലും ടൊറൻ്റോയിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങള്‍ കാണാനുള്ള സീറ്റ് ബുക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങൾ ഫിഫ പുറത്തുവിട്ടിട്ടുണ്ട്. അതുപ്രകാരം ഫിഫ ലോകകപ്പിന് ടിക്കറ്റ് നേടാൻ ആഗ്രഹിക്കുന്ന ടൊറൻ്റോയിലെ ഫുട്ബോൾ ആരാധകർ തങ്ങളുടെ സീറ്റുകൾക്കായി പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.

ഫിഫയുടെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പങ്കാളിയായ ഓൺ ലൊക്കേഷൻ ടൊറൻ്റോയിലെ മത്സരങ്ങൾ കാണാൻ ഹൈ-എന്‍ഡ് ടിക്കറ്റ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പാക്കേജുകളിൽ വിവിധതരം ഉയർന്ന ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഈ പാക്കേജുകളുടെ നിരക്ക് 2,500 കനേഡിയൻ ഡോളറിലാണ് ആരംഭിക്കുന്നത്. തിരഞ്ഞെടുക്കുന്ന സര്‍വീസിനെയും സൗകര്യങ്ങളെയും ആശ്രയിച്ച് ടിക്കറ്റ് നിരക്ക് വീണ്ടും വർധിക്കുമെന്ന് ഓൺ ലൊക്കേഷൻ പറയുന്നു. ഭക്ഷണപാനീയങ്ങൾ, പ്രീമിയം ലോഞ്ച് ഏരിയകൾ, വിനോദ പരിപാടികള്‍, സ്റ്റേഡിയത്തിലേക്ക് വേഗത്തിലുള്ള പ്രവേശനം തുടങ്ങിയവ ഈ പാക്കേജിന്‍റെ പ്രത്യേകതയാണ്.

കാനഡ, യുഎസ്, മെക്സിക്കോ എന്നിവിടങ്ങളിലെ 16 ആതിഥേയ നഗരങ്ങളിൽ ഒന്നായ ടൊറൻ്റോ ആറ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ഇതിൽ 2026 ജൂൺ 12-ന് നടക്കുന്ന കാനഡയിലെ ഉദ്ഘാടന മത്സരം ഉൾപ്പെടുന്നു.
