ടൊറൻ്റോ : ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ടിടിസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ പിടികൂടാൻ പുതിയ യൂണിഫോം അണിഞ്ഞ് പുതിയ പേരിൽ ഫെയർ ഇൻസ്പെക്ടർമാർ നാളെ മുതൽ രംഗത്ത് ഇറങ്ങും. വര്‍ഷം തോറും യാത്രാക്കൂലി വെട്ടിപ്പ് മൂലം കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റത്തിന് തുടക്കമിടുന്നതെന്ന് ടിടിസി സിഇഒ മൻദീപ് എസ്. ലാലി അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 235 മുതൽ 425 ഡോളർ വരെ പിഴ ഈടാക്കും.

ചാരനിറത്തിലുള്ള ഷർട്ടുകളും വെസ്റ്റുകളും അടങ്ങിയ പുതിയ യൂണിഫോമുകളോടെ പ്രൊവിൻഷ്യൽ ഒഫൻസസ് ഓഫീസർമാർ എന്ന പേരിലായിരിക്കും ജൂലൈ 20 ഞായറാഴ്ച മുതൽ ഫെയർ ഇൻസ്പെക്ടർമാർ രംഗത്തിറങ്ങുന്നത്. പരിശോധന കർശനമാക്കുന്നതിലൂടെ ടിക്കറ്റ് വെട്ടിപ്പുകാരെ തടയാൻ സാധിക്കുമെന്ന് 2019-ലെ ഓഡിറ്ററുടെ ജനറൽ റിപ്പോർട്ടിൽ പറയുന്നു. ടിക്കറ്റ് വെട്ടിപ്പ് മൂലം ഓരോ വർഷവും ഒരുകോടി നാല്‍പത് ലക്ഷം ഡോളര്‍ ടിടിസിക്ക് നഷ്ടപ്പെടുന്നുണ്ട്. നഷ്ടപ്പെട്ട ഈ വരുമാനം തിരിച്ചുപിടിക്കാൻ ടിടിസി സ്വീകരിച്ച തുടർച്ചയായ നടപടികളുടെ ഭാഗമാണ് ഈ റീബ്രാൻഡ്, മൻദീപ് എസ്. ലാലി പറയുന്നു. അതേസമയം ചെക്കിങ് നടത്തുന്ന ടിടിസി ഫെയര്‍ ഇന്‍സ്‌പെക്ടര്‍മാർ യൂണിഫോം ധരിക്കുകയും യാത്രക്കാരുടെ ഇടപെടലുകള്‍ റെക്കോര്‍ഡു ചെയ്യുന്നതിന് ബോഡി-വണ്‍ കാമറകള്‍ ധരിക്കുകയും ചെയ്യുന്നത് തുടരും.