എഡ്മിന്‍റൻ : അല്‍ബര്‍ട്ട ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ അഞ്ചാംപനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആല്‍ബര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് മുന്നറിയിപ്പ് നൽകി. അഞ്ചാംപനി ബാധിച്ച ആൾ ജൂലൈ 13 ഞായറാഴ്ച രാവിലെ 10:08-നും ഉച്ചയ്ക്ക് 2:14-നും ഇടയിൽ ആശുപത്രിയുടെ അടിയന്തര ചികിത്സ വിഭാഗത്തില്‍ എത്തിയിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ സമയത്ത് അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നവർക്ക് രോഗബാധയുണ്ടാകാമെന്ന് എഎച്ച്എസ് പറയുന്നു.

അത്യാഹിത വിഭാഗം സന്ദർശിച്ച, 1970-ലോ അതിനുശേഷമോ ജനിച്ച, മീസിൽസ് വാക്സിൻ രണ്ട് ഡോസുകളിൽ താഴെ മാത്രം എടുത്തിട്ടുള്ളവർക്ക് അഞ്ചാംപനി വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പനി ആരംഭിച്ച് മൂന്ന് മുതൽ ഏഴ് ദിവസങ്ങൾക്ക് ശേഷം ശരീരത്തിൽ ചുണങ് പ്രത്യക്ഷപ്പെടും. ഇവ സാധാരണയായി ചെവിക്ക് പിന്നിലും മുഖത്തും ആരംഭിച്ച് ശരീരത്തിലേക്കും പിന്നീട് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർ 1-844-944-3434 എന്ന നമ്പറിൽ ബന്ധപ്പെടണം.