ഓട്ടവ : കാനഡയിൽ പുതുജീവിതം ആഗ്രഹിക്കുന്നവർക്ക് വെല്ലുവിളിയായി, തുടർച്ചയായി രണ്ടാം മാസവും കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് വർധിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). പുതിയ ആപ്ലിക്കേഷനുകളും നിലവിലുള്ള ഇൻവെൻ്ററിയും അടക്കം കാനഡയുടെ ഇമിഗ്രേഷൻ ബാക്ക്‌ലോഗ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 5.02% വർധിച്ചതായി ഐആർസിസി റിപ്പോർട്ട് ചെയ്തു. മെയ് അവസാനത്തോടെ കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം 802,000 ആയിരുന്നത് ജൂൺ 30 വരെ 842,800 ആയി വർധിച്ചു. ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, മൊത്തം സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകളുടെ എണ്ണം 2,189,500 ആയിരുന്നു. ഇതിൽ 1,346,700 എണ്ണം സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തതായി ഐആർസിസി അറിയിച്ചു.
പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സ്ഥിര താമസ അപേക്ഷകൾ
ജൂൺ 30 വരെ, സ്ഥിര താമസ (PR) ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കായുള്ള IRCC യുടെ ഇൻവെൻ്ററിയിൽ ആകെ 896,100 അപേക്ഷകൾ ഉണ്ടായിരുന്നു. എക്സ്പ്രസ് എൻട്രി, എക്സ്പ്രസ് എൻട്രി-അലൈൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) സ്ട്രീമുകൾ, ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ അപേക്ഷകളിൽ ആകെ 480,300 (അല്ലെങ്കിൽ 54%) IRCC യുടെ സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. അതായത് 415,800 അപേക്ഷകൾ ബാക്ക്‌ലോഗിന്റെ ഭാഗമായി അവശേഷിക്കുന്നു.
താൽക്കാലിക റസിഡൻ്റ് പെർമിറ്റ് അപേക്ഷകൾ
ജൂൺ അവസാനം വരെ, IRCC യുടെ ഇൻവെൻ്ററിയിൽ താൽക്കാലിക താമസത്തിനുള്ള 1,040,700 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 661,100 (64%) സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. അതായത് 379,600 അപേക്ഷകൾ ബാക്ക്‌ലോഗിൽ തുടരുന്നു. ഈ വിഭാഗത്തിൽ വർക്ക് പെർമിറ്റുകൾ, സ്റ്റഡി പെർമിറ്റുകൾ, വിസിറ്റർ വീസകൾ എന്നിവ ഉൾപ്പെടുന്നു.

സിറ്റിസൺഷിപ്പ് ഗ്രാൻ്റ്
മെയ് അവസാനത്തിന് തുല്യമായി പൗരത്വ അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ലക്ഷ്യ ശതമാനമായ 19 ശതമാനത്തിൽ തുടരുന്നു.
ഐആർസിസി എങ്ങനെയാണ് ബാക്ക്‌ലോഗ് കുറയ്ക്കുന്നത്?
അപേക്ഷകൾ തരംതിരിക്കുന്നതിനും സങ്കീർണ്ണമായ കേസുകൾ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കഴിഞ്ഞ വർഷം അവസാനം മുതൽ ഐആർസിസി നൂതന അനലിറ്റിക്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നുണ്ട്.