ടൊറൻ്റോ : ഒൻ്റാരിയോയിൽ പ്രത്യേകിച്ച് ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ മോർഗെജ് (ഭവനവായ്പ) കുടിശ്ശികകൾ വർധിച്ചു വരുന്നതായി റിപ്പോർട്ട്. അതേസമയം കാനഡ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഈ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിദഗ്ദ്ധർ പറയുന്നു. ഈ വർഷത്തെ ആദ്യ പാദത്തിൽ ഒൻ്റാരിയോയിൽ ഭവനവായ്പ കുടിശ്ശികകൾ 0.22 ശതമാനമായി ഉയർന്നതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷനു വേണ്ടി ഇക്വിഫാക്സ് കാനഡ തയ്യാറാക്കിയ ഡാറ്റ വ്യക്തമാക്കുന്നു. 2023 ലെ ആദ്യ പാദത്തിൽ ഭവനവായ്പ കുടിശ്ശിക 0.09 ശതമാനവും 2024 ആദ്യപാദത്തിൽ 0.15 ശതമാനവുമായിരുന്നു ഭവനവായ്പ കുടിശ്ശിക. ടൊറൻ്റോയിൽ 2025 ലെ ആദ്യ പാദത്തിൽ ഭവനവായ്പ കുടിശ്ശിക നിരക്ക് 0.23 ശതമാനത്തിലെത്തി. 2024-ലെ ആദ്യ പാദത്തിൽ ഇത് 0.14 ശതമാനവും 2023-ലെ ആദ്യ പാദത്തിൽ 0.08 ശതമാനവുമായിരുന്നു.

2024-ലെ അവസാന പാദത്തിൽ ഒൻ്റാരിയോയിയിൽ പതിനായിരത്തിലധികം ഭവനവായ്പ തിരിച്ചടവ് മുടങ്ങിയതായി ഫെബ്രുവരിയിൽ ഇക്വിഫാക്സ് റിപ്പോർട്ട് ചെയ്തു. ജീവിതച്ചെലവ് ഉയർന്നതോടെ മറ്റു കടങ്ങൾ വീട്ടാൻ പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് നിരവധി ഒൻ്റാരിയോ നിവാസികളെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് ഭവനവായ്പ തിരിച്ചടവിനെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഭവനവായ്പ കുടിശ്ശികകൾ വർധിക്കുന്നതിന് രണ്ടു പ്രധാന കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. ഒന്നാമതായി, കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കുറഞ്ഞ വായ്പാ ചെലവിൽ വീടുകൾ വാങ്ങിയവർ ഇപ്പോൾ ഉയർന്ന നിരക്കിൽ ഭവനവായ്പ പുതുക്കേണ്ടി വന്നതാണ് പ്രധാന കാരണം. യുഎസുമായുള്ള വ്യാപാരയുദ്ധം കാരണം തൊഴിൽ വിപണിയിൽ ഉണ്ടായിട്ടുള്ള കനത്ത സാമ്പത്തിക അനിശ്ചിതത്വമാണ് മറ്റൊരു കാരണമെന്നും സാമ്പത്തിക വിദഗ്ധർ വിശദീകരിച്ചു.
