ഓട്ടവ : വിമാനക്കമ്പനിയുമായി ചർച്ചകൾ തുടരുന്നതിനിടെ പണിമുടക്ക് ആരംഭിക്കുന്നതിനായി വോട്ടെടുപ്പ് ആരംഭിച്ച് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ. ജൂലൈ 28 ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഓഗസ്റ്റ് അഞ്ചിന് അവസാനിക്കുമെന്ന് 10,000 ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. ഭൂരിപക്ഷം യൂണിയൻ അംഗങ്ങളും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്‌താൽ ഓഗസ്റ്റ് 16 മുതൽ പണിമുടക്ക് ആരംഭിക്കുമെന്നും CUPE എയർ കാനഡ ഘടകം വക്താവ് പറയുന്നു. അതേസമയം പണിമുടക്ക് ആരംഭിച്ചാൽ ടൊറൻ്റോ പിയേഴ്സൺ ഉൾപ്പെടെ കാനഡയിലെ പ്രധാന വിമാനത്താവളങ്ങളെ സാരമായി ബാധിച്ചേക്കും.

ഫ്ലൈറ്റ് അറ്റൻഡൻ്റുമാരുടെ മുൻ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. വേതന വർധന, വേതനമില്ലാത്ത ജോലി, ദിവസബത്ത, പെൻഷൻ, ജോലി നിയമങ്ങൾ, വിശ്രമവേളകൾ തുടങ്ങിയയവയാണ് തർക്കവിഷയങ്ങൾ. അനുദിനം ഉയരുന്ന ജീവിതച്ചെലവിൽ ഒരു എൻട്രി ലെവൽ ഫ്ലൈറ്റ് അറ്റൻഡൻ്റിന് പ്രതിമാസം 1,951.30 ഡോളർ മാത്രമാണ് ലഭിക്കുന്നതെന്നും ഇത് ജീവിക്കാൻ തികയുന്നില്ലെന്നും യൂണിയൻ പറയുന്നു.