ടൊറൻ്റോ : യുവാക്കളെ ആകർഷിച്ച് കനേഡിയൻ നാഷണൽ എക്സിബിഷൻ (സിഎൻഇ) ജോബ് ഫെയർ. രാവിലെ 11 മണിക്ക് ഔദ്യോഗികമായി ആരംഭിച്ച തൊഴിൽ മേളയിൽ, വർധിച്ചു വരുന്ന വേനൽ ചൂടിലും എക്സിബിഷൻ പ്ലേസിലെ എനർകെയർ സെന്‍ററിൽ റെസ്യൂമെകളും വാട്ടർ ബോട്ടിലുകളും വഹിച്ചുകൊണ്ട് തൊഴിലന്വേഷകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്.

കാനഡയിലെ ഏറ്റവും വലിയ തൊഴിൽ മേളയിൽ അയ്യായിരത്തിലധികം സീസണൽ തസ്തികകളിലേക്ക് ഇതിനകം തന്നെ 54,000 ഓൺലൈൻ അപേക്ഷകൾ ലഭിച്ചതായി സിഎൻഇ അറിയിച്ചു. കാഷ്യർമാർ, ഗെയിം അറ്റൻഡൻ്റുകൾ, ഫുഡ് സർവീസ് വർക്കർമാർ, മിഡ്‌വേ ഓപ്പറേറ്റർമാർ, ഇൻഫർമേഷൻ ഗൈഡുകൾ എന്നിവയുൾപ്പെടെ നിരവധി തസ്തികകളിലേക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വെല്ലുവിളി നിറഞ്ഞ തൊഴിൽ വിപണിയെക്കുറിച്ചുള്ള യുവാക്കളുടെ ആശങ്കയാണ് തൊഴിലന്വേഷകരുടെ വർധനയ്ക്ക് കാരണമെന്ന് സിഎൻഇ പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, 14-നും 24-നും ഇടയിൽ പ്രായമുള്ള കനേഡിയൻ പൗരന്മാരുടെ ദേശീയ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 14 ശതമാനമാണ്. അതിൽ തന്നെ ഒൻ്റാരിയോയിൽ, 14-നും 19-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ നാലിൽ ഒരാൾക്ക് നിലവിൽ തൊഴിലില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
