മൺട്രിയോൾ : പ്രവിശ്യയിലെ വൈദ്യുതി ഉപയോക്താക്കൾക്ക് ഇരുട്ടിയായി നിരക്ക് വർധനയ്‌ക്കൊരുങ്ങി ഹൈഡ്രോ-കെബെക്ക്. അടുത്ത മൂന്ന് വർഷത്തേക്ക് ഗാർഹിക ഉപയോക്താക്കൾക്ക് മൂന്ന് ശതമാനവും വാണിജ്യ, വ്യാവസായിക ഉപയോക്താക്കൾക്ക് 4.8 ശതമാനവും നിരക്ക് വർധിപ്പിക്കണമെന്ന് ഹൈഡ്രോ-കെബെക്ക് ആവശ്യപ്പെട്ടു. നിർദ്ദിഷ്ട നിരക്ക് വർധനയിലൂടെ ഗാർഹിക ഉപയോക്താക്കൾ, ഒരു അപ്പാർട്ട്മെൻ്റിന്‍റെ ശരാശരി വൈദ്യുതി ബില്ലിൽ പ്രതിമാസം ഏകദേശം 2.40 ഡോളറും ശരാശരി വലിപ്പമുള്ള വീടിന് 6.70 ഡോളറും കൂടുതൽ നൽകേണ്ടി വരും. നിരക്ക് വർധനയ്ക്ക് ഒപ്പം സ്മാർട്ട് തെർമോസ്റ്റാറ്റ് പ്രോഗ്രാം ഉൾപ്പെടെ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ കുറയ്ക്കാൻ സഹായിക്കുന്ന നടപടികൾക്കായി ബജറ്റിൽ അടുത്ത മൂന്ന് വർഷത്തേക്ക് 250 കോടി ഡോളർ നീക്കിവെക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

2026, 2027, 2028 വർഷങ്ങളിലേക്കുള്ള നിരക്ക് വർധന വ്യാഴാഴ്ച ക്രൗൺ കോർപ്പറേഷൻ അവതരിപ്പിച്ചു, ഇത് കെബെക്ക് ഊർജ്ജ ബോർഡായ റെജി ഡി എൽ’എനെർജി അംഗീകരിക്കണം. 2026 മാർച്ചിൽ റെജി ഡി എൽ’എനെർജി തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ പുതിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.