ഓട്ടവ : അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) വഴി കാനഡയിലേക്ക് കുടിയേറുന്നതിന് ആവശ്യമായ ഫണ്ട് വർധിപ്പിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). 2024 നെ അപേക്ഷിച്ച് 2025 ൽ AIP വഴി കാനഡയിലെ അറ്റ്ലാൻ്റിക് പ്രവിശ്യകളിലേക്ക് കുടിയേറാൻ വിദേശ പൗരന്മാർക്ക് കുറഞ്ഞത് 140 ഡോളർ കൂടി ആവശ്യമാണ്. ഒരാളടങ്ങുന്ന ഒരു കുടുംബത്തിന്, AIP-ക്ക് യോഗ്യത നേടുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഫണ്ട് 2024-ൽ 3,672 ഡോളർ ആയിരുന്നത് 2025-ൽ 3,815 ഡോളർ ആയി വർധിച്ചു. 3.89% വർധന. അതേസമയം കാനഡയിൽ വർക്ക് പെർമിറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെ സെറ്റിൽമെൻ്റ് ഫണ്ട് ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (Atlantic Immigration Program – AIP) എന്നത് കാനഡയിലെ അറ്റ്ലാൻ്റിക് പ്രവിശ്യകളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ബിരുദധാരികൾക്കും വിദഗ്ധ തൊഴിലാളികൾക്കുമായി രൂപകൽപ്പന ചെയ്ത ഒരു ഫെഡറൽ പ്രോഗ്രാമാണ്. കാനഡയിലെ അറ്റ്ലാൻ്റിക് പ്രവിശ്യകളിലേക്ക് (നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ) കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കും സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കുക എന്നതാണ് ഈ പ്രോഗ്രാമിന്‍റെ ലക്ഷ്യം.