ഓട്ടവ : ഗാസ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്‍റെ പദ്ധതിയെ അപലപിച്ച് കാനഡ. ഗാസയിൽ വൻ തോതിൽ സൈനിക നടപടി ആരംഭിക്കാൻ ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ എടുത്ത തീരുമാനത്തെ എതിർക്കുന്നതായി കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അറിയിച്ചു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാണെന്നും ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും വിദേശകാര്യ മന്ത്രിമാർ ആരോപിക്കുന്നു. ഈ നീക്കം സാധാരണ ജനങ്ങളുടെ കൂട്ടപലായനത്തിലേക്കും തടവിലാക്കപ്പെട്ടവരുടെ ജീവൻ അപകടത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്നും അവർ പറയുന്നു. ഗാസ പിടിച്ചെടുക്കാനോ കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനോ ഉള്ള ശ്രമം രാജ്യാന്തര നിയമത്തിന്‍റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രിമാർ പറഞ്ഞു.

ഗാസ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ മന്ത്രിസഭ വെള്ളിയാഴ്ച അംഗീകാരം നൽകി. പലസ്തീൻ പ്രദേശം ദീർഘകാലത്തേക്ക് കൈവശം വയ്ക്കുകയല്ല, മറിച്ച് ഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് പദ്ധതിയെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.