എഡ്മിന്‍റൻ : ജൂലൈയിൽ മുൻ മാസത്തെ അപേക്ഷിച്ച് ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ജൂണിൽ 6.8 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 7.8 ശതമാനമായി ഉയർന്നു. ജൂലൈയിൽ പ്രവിശ്യയിലെ നാല് വലിയ നഗരങ്ങളിൽ, ഒരു നഗരം ഒഴികെ മറ്റെല്ലായിടത്തും തൊഴിലില്ലായ്മ നിരക്ക് വർധിച്ചു. അതേസമയം മുൻ മാസത്തെപ്പോലെ തന്നെ ദേശീയതലത്തിൽ, തൊഴിലില്ലായ്മ നിരക്ക് ജൂലൈയിൽ 6.9 ശതമാനമായി തുടരുന്നു.

ജൂണിൽ 7.5 ശതമാനമായിരുന്ന എഡ്മിന്‍റനിലെ തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനമായി ഉയർന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ സർവേ ചെയ്ത 42 നഗരങ്ങളിൽ അഞ്ചാമത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കും എഡ്മിന്‍റനിലാണ്. കാൽഗറിയിൽ തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനത്തിൽ നിന്നും കഴിഞ്ഞ മാസം 7.7 ശതമാനമായി ഉയർന്നതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ആൽബർട്ടയിലെ മറ്റൊരു പ്രധാന നഗരമായ ലെത്ത്ബ്രിഡ്ജിലെ തൊഴിലില്ലായ്മ നിരക്ക് 5.2 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 5.7 ശതമാനമായി വർധിച്ചു. ആൽബർട്ട നഗരങ്ങളിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയ ഒരേയൊരു നഗരം റെഡ് ഡീർ മാത്രമായിരുന്നു. ജൂണിനെ അപേക്ഷിച്ച് ഒരു ശതമാനത്തിന്‍റെ പത്തിലൊന്ന് കുറഞ്ഞ് ജൂലൈയിൽ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമായി.