ഓട്ടവ : ഉയരുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾക്കിടയിൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമായി ഒൻ്റാരിയോയിൽ മിനിമം വേതന വർധന ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പ്രവിശ്യയിലെ മിനിമം വേതനം ഏകദേശം 2.3% വർധിച്ച് 17.20 ഡോളറിൽ നിന്നും 17.60 ഡോളറായി ഉയരും. ഭക്ഷണം, പാർപ്പിടം, ഗതാഗതം തുടങ്ങിയ ദൈനംദിന ചെലവുകളിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് വേതന വർധന നടപ്പിലാക്കുന്നത്.

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവർക്കും, വിദ്യാർത്ഥികൾക്കും, വേട്ടയാടൽ, മീൻപിടുത്തം, വന്യജീവി ഗൈഡുകൾ എന്നിവരുടെയും മിനിമം വേതന നിരക്കുകളും ഒക്ടോബർ 1 മുതൽ വർധിക്കും. പാർട്ട് ടൈം ജോലി ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ മിനിമം വേതനം 16.20 ഡോളറിൽ നിന്ന് 16.60 ഡോളറായി വർധിക്കും. വെർച്വൽ അസിസ്റ്റൻ്റുമാർ, ഫ്രീലാൻസ് ഡിസൈനർമാർ, വീട്ടിലിരുന്ന് ചെയ്യുന്ന കരകൗശല വിദഗ്ധർ തുടങ്ങിയവരുടെ മിനിമം വേതനം ഒക്ടോബർ 1 മുതൽ മണിക്കൂറിന് 18.90 ഡോളറിൽ നിന്ന് 19.35 ഡോളറായി ഉയരും.