വാഷിംഗ്ടൺ : ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കൂടുതൽ താരിഫ് ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ്. വെള്ളിയാഴ്ച അലാസ്കയിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്കാർക്ക് മേൽ ദ്വിതീയ താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. കാര്യങ്ങൾ ശരിയായില്ലെങ്കിൽ ഉപരോധങ്ങളോ താരിഫ് വർധനയോ നടപ്പിലാക്കിയേക്കും, സ്കോട്ട് ബെസെൻ്റ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 25% തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് റഷ്യയുടെ പക്കല്‍നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25% കൂടി തീരുവ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് 50% തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്‍റെ പുതിയ 50% താരിഫ് നിരക്ക് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്മേലുള്ള ഉപരോധത്തിന് തുല്യമാണെന്ന് ചില വിദഗ്ധർ പറയുന്നു. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യ വിലകുറഞ്ഞ റഷ്യൻ ക്രൂഡ് ഓയിലിന്‍റെ ഇറക്കുമതി വർധിപ്പിച്ചത് ഇന്ത്യ-യുഎസ് ബന്ധം വഷളാക്കുകയും യുഎസ് വ്യാപാര ചർച്ചകളെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.