ഹാലിഫാക്സ് : നോവസ്കോഷയിലെ അനാപോളിസ് കൗണ്ടിയിൽ അനിയന്ത്രിതമായി പടരുന്ന കാട്ടുതീയെ തുടർന്ന് ആളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ 3,210 ഹെക്ടർ വനഭൂമി കത്തിനശിച്ചതായി നോവസ്കോഷ പ്രകൃതി വിഭവ വകുപ്പ് (DNR) അറിയിച്ചു. ഒറ്റരാത്രികൊണ്ടാണ് 2,000 ഹെക്ടറിൽ നിന്ന് 3,000 ഹെക്ടറിലേക്ക് എത്തിയതെന്ന് DNR പറഞ്ഞു.

ഗോഡ്ഫ്രെ തടാകത്തിന് സമീപത്ത് നിന്ന് തുടങ്ങിയ തീ, ഫെയൻസ്, വെസ്റ്റ് ഡൽഹൗസി റോഡുകളുടെ സ്ട്രീറ്റ് കടന്ന് സ്പെക്ടക്കിൾ ലെയ്ക്കിന് തെക്കേ അറ്റത്തേക്ക് പടർന്നതായി ജീവനക്കാർ സ്ഥിരീകരിച്ചു. കാട്ടുതീയിൽ നിന്ന് മേഖലയിലെ വീടുകൾ സംരക്ഷിക്കുന്നതിനായി അഗ്നിശമന സേനാംഗങ്ങൾ ഹോസുകളും പോർട്ടബിൾ പമ്പുകളും സ്ഥാപിച്ചു.
77 നോവസ്കോഷ ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും, ഒന്റാരിയോയിൽ നിന്ന് 20 പേരും, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നിന്ന് അഞ്ചുപേരും, നൂറ്റി ഇരുപതോളം പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.