ഓട്ടവ: എയര്‍ കാനഡ പണിമുടക്ക് അവസാനിച്ചതോടെ നിര്‍ത്തിവെച്ച ചര്‍ച്ചകള്‍ കാനഡ പോസ്റ്റും തപാല്‍ തൊഴിലാളി യൂണിയനും (CUPW) ഇന്ന് പുനരാരംഭിക്കും. എയര്‍ കാനഡ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്സ് യൂണിയന്‍ നടത്തിയ പണിമുടക്ക് യൂണിയനുകളുടെ കൂട്ടായ ശക്തിയുടെ ഉദാഹരണമാണെന്ന് CUPW ചൂണ്ടിക്കാട്ടി. ഇത് വരാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ എന്തും നേടാന്‍ സാധിക്കുമെന്ന് CUPE-യുടെ വിജയം തെളിയിച്ചതായി CUPW ദേശീയ പ്രസിഡന്റ് ജാന്‍ സിംപ്‌സണ്‍ പറഞ്ഞു. ‘സര്‍ക്കാര്‍ കൂട്ടായ വിലപേശലില്‍ ഇടപെടുന്നത് നിര്‍ത്തണം, തപാല്‍ തൊഴിലാളികളെയും എയര്‍ കാനഡ തൊഴിലാളികളെയും എല്ലാ യൂണിയനുകളെയും ന്യായമായ ഉടമ്പടികളില്‍ എത്താന്‍ അനുവദിക്കണം,’ അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കാനഡ പോസ്റ്റുമായി വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ചര്‍ച്ചയാണ് ഫെഡറല്‍ മധ്യസ്ഥരുടെ അഭാവം മൂലം മാറ്റിവച്ചത്. നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 13% വേതന വര്‍ധനയും പാര്‍ട്ട് ടൈം തൊഴിലാളികളെ കരാറില്‍ ചേര്‍ക്കുന്നതിനുള്ള പുനഃസംഘടനയും ഉണ്ടാകുമായിരുന്ന കാനഡ പോസ്റ്റിന്റെ ഏറ്റവും പുതിയ ഓഫര്‍ തപാല്‍ ജീവനക്കാര്‍ നിരസിച്ചതിനെത്തുടര്‍ന്ന് ഇരുപക്ഷവും ഔദ്യോഗികമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.