കാൽഗറി : മേയർ തിരഞ്ഞെടുപ്പിൽ ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിച്ച് സ്ഥാനാർത്ഥികൾ. 2021-ലെ മേയർ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും മുൻ കൗൺസിലറുമായ ജെറോമി ഫാർക്കസ് ഉൾപ്പെടെ അഞ്ച് പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. 2017 മുതൽ 2021 വരെ വാർഡ് 11 ലെ കൗൺസിലറായിരുന്നു ഫാർക്കസ്, പൊലീസ് കമ്മീഷണറായും കമ്മ്യൂണിറ്റി വളണ്ടിയറായും സേവനമനുഷ്ഠിച്ചു. 2023 ഒക്ടോബർ മുതൽ, ഗ്ലെൻബോ റാഞ്ച് പാർക്ക് ഫൗണ്ടേഷന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജെറോമി ഫാർക്കസിനൊപ്പം കാൽഗറി പോലീസ് കമ്മീഷനിൽ സേവനമനുഷ്ഠിച്ച കാൽഗറി പാർട്ടിയിലെ ബ്രയാൻ തീസെനും പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റിസ് ഫസ്റ്റ് പാർട്ടിയുടെ മുഖമായ കൗൺസിലർ സോന്യ ഷാർപ്പും മത്സരരംഗത്തുണ്ട്. അതേസമയം, നിലവിലെ കാൽഗറി മേയർ ജ്യോതി ഗോണ്ടെക്കും മുൻ കൗൺസിലർ ജെഫ് ഡേവിസണും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല. സെപ്റ്റംബർ 22 ആണ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവസാന തീയതി. മുനിസിപ്പൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 20-ന് നടക്കും.