Saturday, August 30, 2025

മഞ്ഞുരുകുന്നു: പുതിയ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യ-കാനഡ

ഓട്ടവ : ഖലിസ്ഥാൻ വിഘടനവാദി നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ സൂചനയായി കാനഡയും ഇന്ത്യയും പുതിയ ഹൈക്കമ്മീഷണർമാരെ പ്രഖ്യാപിച്ചു. മുതിർന്ന നയതന്ത്രജ്ഞരായ ദിനേശ് കെ പട്നായിക്കിനെയും ക്രിസ്റ്റഫർ കൂട്ടറിനെയും ഹൈക്കമ്മീഷണർമാരായി നിയമിച്ചതായി ഇന്ത്യയും കാനഡയും അറിയിച്ചു. ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത പ്രതിനിധികളെ പുറത്താക്കി 10 മാസങ്ങൾക്ക് ശേഷമാണ് നയതന്ത്ര പ്രതിനിധിയെ നിയമിക്കുന്നത്.

1990 ബാച്ച് ഇന്ത്യൻ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥനും രാജ്യത്തെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞരിൽ ഒരാളുമായ പട്നായിക് ഉടൻ തന്നെ ഹൈക്കമ്മീഷണറായി ചുമതല ഏറ്റെടുക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. അതേസമയം 35 വർഷത്തെ നയതന്ത്ര സേവനത്തിന് ശേഷം ഇന്ത്യയിലെ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടർ എത്തുമെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ഇടപെടൽ കൂടുതൽ ആഴത്തിലാക്കുന്നതിനും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള കാനഡയുടെ ഘട്ടം ഘട്ടമായുള്ള സമീപനത്തെയാണ് പുതിയ ഹൈക്കമ്മീഷണറുടെ നിയമനം പ്രതിഫലിപ്പിക്കുന്നത്, അനിത ആനന്ദ് പ്രസ്താവനയിൽ പറഞ്ഞു.

2023 ജൂണിൽ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതോടെ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായി. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. ട്രൂഡോയുടെ പിൻഗാമിയായ മാർക്ക് കാർണിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജൂണിൽ കാനഡയിൽ നടന്ന ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയിൽ മുതിർന്ന നയതന്ത്രജ്ഞരെ പുനഃസ്ഥാപിക്കാൻ സമ്മതിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!