ഹാലിഫാക്സ് : നോവസ്കോഷ വെസ്റ്റ് ഡൽഹൗസി പ്രദേശത്തുണ്ടായ കാട്ടുതീ നിയന്ത്രണാതീതമായി കത്തിപ്പടരുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 13 ന് ആരംഭിച്ച ലോങ് ലേക്ക് കാട്ടുതീയിൽ 20 വീടുകൾ കത്തി നശിച്ചതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് അറിയിച്ചു. നിലവിൽ കാട്ടുതീ 8,234 ഹെക്ടർ (അല്ലെങ്കിൽ 82 ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ) വിസ്തൃതിയിൽ പടർന്നു പിടിച്ചിട്ടുണ്ട്. തീപിടുത്തത്തിൽ വെസ്റ്റ് ഡൽഹൗസി, തോൺ, മോഴ്സ് റോഡുകളിലായി 20 വീടുകൾ നശിച്ചതായി പ്രവിശ്യ പറയുന്നു. പ്രദേശത്ത് 11 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാറ്റിന്‍റെ ദിശയിലുണ്ടായ മാറ്റവും വരണ്ട അവസ്ഥയും വെസ്റ്റ് ഡൽഹൗസിയിൽ തീ പടരാൻ കാരണമായതായി ഫ്ലീറ്റ് ആൻഡ് ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഡയറക്ടർ ജിം റുഡർഹാം പറഞ്ഞു. നിലവിൽ 11 ഹെലികോപ്റ്ററുകളും ആറ് വിമാനങ്ങളും കൂടാതെ 12 ഡിഎൻആർ, 89 ഒൻ്റാരിയോ, 70 പ്രാദേശിക അഗ്നിശമന സേനാംഗങ്ങൾ എന്നിവരും കാട്ടുതീ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നുണ്ട്.