ടൊറൻ്റോ : നിലവിലുള്ള പ്രതിമാസ പാസുകൾ ഒഴിവാക്കി ഫെയർ ക്യാപ്പിങ് സംവിധാനത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി). ഈ പദ്ധതി പ്രകാരം 156 ഡോളറിന്‍റെ പ്രതിമാസ അൺലിമിറ്റഡ്-റൈഡ് പാസ് ഒഴിവാക്കുകയും ആ സ്ഥാനത്ത് പ്രതിമാസ പരിധിയിലെത്തിയ ശേഷം യാത്ര സൗജന്യമാക്കുന്ന സംവിധാനം അവതരിപ്പിക്കും. യോർക്ക് റീജനൽ, മിസ്സിസാഗ, ബർലിംഗ്ടൺ, ഹാമിൽട്ടൺ, ജിഒ ട്രാൻസിറ്റ് എന്നിവയുൾപ്പെടെ ജിടിഎച്ച്എയിലുടനീളമുള്ള മറ്റ് നിരവധി ട്രാൻസിറ്റ് ഏജൻസികളിൽ ഈ രീതി ഇതിനകം ഉപയോഗിക്കുന്നുണ്ട്. നിലവിലെ ടിടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സുസ്ഥിര വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റൈഡ്‌ഷെയർ ലെവി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശുപാർശ ചെയ്യുന്നു. ഇത് പൊതുഗതാഗതത്തെ സഹായിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

47 റൈഡുകൾ, 44 റൈഡുകൾ അല്ലെങ്കിൽ പ്രതിമാസം 40 റൈഡുകൾ എന്നിങ്ങനെ ഫെയർ ക്യാപ്പിങിനായി മൂന്ന് ഓപ്ഷനുകൾ നിർദ്ദേശത്തിലുണ്ട്. എന്നാൽ, ആദ്യ ഓപ്ഷൻ പ്രകാരം, ടിടിസിക്ക് ഒരു കോടി ഡോളർ വരുമാനം നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, യാത്രക്കാർക്ക് 36 ലക്ഷം ഡോളർ ലാഭിക്കാൻ സാധിക്കും. 44 റൈഡുകൾക്ക് ശേഷം ഫെയർ ക്യാപ്പിങ് നടത്തുമ്പോൾ ഒരു കോടി 9൦ ലക്ഷം ഡോളർ നഷ്ടം സംഭവിക്കുമെങ്കിലും എഴുപത് ലക്ഷത്തിലധികം യാത്രക്കാർക്ക് നേട്ടമുണ്ടാകും. നിലവിൽ, പ്രതിമാസ പാസിന്‍റെ പൂർണ്ണ മൂല്യം ലഭിക്കുന്നതിന് ഒരു ടിടിസി യാത്രക്കാരൻ പ്രതിമാസം ഏകദേശം 48 യാത്രകൾ നടത്തേണ്ടതുണ്ട്.