എഡ്മിന്‍റൻ : 2025-26 അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ആല്‍ബര്‍ട്ടയിലെ അധ്യാപകര്‍ പണിമുടക്കാനൊരുങ്ങുന്നു. പ്രവിശാ സർക്കാരുമായുള്ള കരാർ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) പണിമുടക്കിനൊരുങ്ങുന്നത്. ഈ ആഴ്ച രണ്ട് ദിവസത്തേക്ക് ടീച്ചേഴ്‌സ് എംപ്ലോയർ ബാർഗെയ്‌നിങ് കമ്മിറ്റി (TEBA) യുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇപ്പോഴും കരാറിലെത്താൻ സാധിച്ചിട്ടില്ലെന്നും ATA പ്രസിഡൻ്റ് ജേസൺ ഷില്ലിങ് പറഞ്ഞു.

അതേസമയം, ഇതുവരെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്നാല്‍ സമരം ആരംഭിക്കാൻ യൂണിയന്‍ 72 മണിക്കൂര്‍ നോട്ടീസ് നല്‍കണം. വേതനം, ക്ലാസ് മുറികളിലെ സാഹചര്യങ്ങള്‍, കുട്ടികളുടെ എണ്ണത്തിലെ വര്‍ധന, അധ്യാപകരുടെ കുറവ് തുടങ്ങിയ ചൂണ്ടിക്കാട്ടിയാണ് എടിഎ സമരത്തിനൊരുങ്ങുന്നത്.