വൻകൂവർ : പ്രവിശ്യയിലെ പബ്ലിക് സർവീസ് ജീവനക്കാർ നാളെ മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് യൂണിയൻ അറിയിച്ചു. ജൂലൈയിൽ യൂണിയനും ഏജൻസിയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടിഷ് കൊളംബിയ ജനറൽ എംപ്ലോയീസ് യൂണിയൻ 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. യൂണിയൻ അംഗങ്ങളിൽ 92.7% പേരും പണിമുടക്കിന് അനുകൂലമാണെന്ന് ബിസിജിഇയു പ്രസിഡൻ്റ് പോൾ ഫിഞ്ച് അറിയിച്ചു. പണിമുടക്ക് ആരംഭിച്ചാൽ ആരോഗ്യ, സുരക്ഷാ സേവനങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയ ഗതാഗത മന്ത്രി മൈക്ക് ഫാൺവർത്ത് പറഞ്ഞു.

പബ്ലിക് സർവീസ് ജീവനക്കാർക്ക് ആദ്യ വർഷം നാല് ശതമാനം പൊതു വേതന വർധനയും രണ്ടാം വർഷം 4.25 ശതമാനവുമാണ് യൂണിയൻ ആവശ്യപ്പെടുന്നത്. പ്രവിശ്യയുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ യൂണിയൻ ജൂലൈയിൽ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് അംഗങ്ങൾ ഓഗസ്റ്റ് 11-ന് വോട്ട് ചെയ്യാൻ തുടങ്ങി. വേതന വർധന, വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയവയാണ് ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയമെന്ന് ഫിഞ്ച് പറഞ്ഞു.

അതേസമയം ജൂലൈയിൽ ബ്രിട്ടിഷ് കൊളംബിയ സർക്കാർ അവതരിപ്പിച്ച ഏറ്റവും പുതിയ ഓഫർ യൂണിയൻ നിരസിച്ചിരുന്നു. സർക്കാരിന്‍റെ അവസാന ഓഫറിൽ ആദ്യ വർഷം 1.5 ശതമാനവും രണ്ടാം വർഷം രണ്ട് ശതമാനവും വേതന വർധനയാണ് ഉൾപ്പെടുത്തിയിരുന്നത്. സോഷ്യൽ സർവീസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സർക്കാർ മദ്യശാലകൾ, ജയിലുകൾ, കോടതികൾ, പൊതുഭരണം തുടങ്ങിയ മേഖലകളിലായി ബിസിജിഇയുവിൽ ഏകദേശം 34,000 അംഗങ്ങളുണ്ട്.