ഹാലിഫാക്സ് : ലോങ് ലേക്ക് കാട്ടുതീ കാരണം വീടുകളിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകാൻ ഒരുങ്ങുകയാണ് നോവസ്കോഷ സർക്കാർ. ഇതിനായി പ്രവിശ്യാ എമർജൻസി മാനേജ്‌മെൻ്റ് വകുപ്പ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ഓഗസ്റ്റ് 13 ന് ആരംഭിച്ച ലോങ് ലേക്ക് കാട്ടുതീ 8,400 ഹെക്ടറിലധികം വിസ്തൃതിയിൽ പടർന്നിട്ടുണ്ട്. തീ പടർന്നതോടെ, 505 പേരെ ഒഴിപ്പിച്ചു. ഇവരിൽ 518 പേർ റെഡ് ക്രോസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നാല് മുതൽ ഏഴ് ദിവസം വരെ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ട മുതിർന്നവർക്ക് 500 ഡോളറും ഒരു കുട്ടിക്ക് 200 ഡോളറും ലഭിക്കും. എട്ട് മുതൽ 14 ദിവസം വരെ വീടുകളുടെ വെളിയിലായ മുതിർന്നവർക്ക് 500 ഡോളറും ഒരു കുട്ടിക്ക് 200 ഡോളറും അധികമായി ലഭിക്കും. രണ്ടാഴ്ച കഴിഞ്ഞാൽ, മുതിർന്നവർക്ക് ഓരോ ആഴ്ചയും 250 ഡോളർ ലഭിക്കും, കുട്ടികൾക്ക് ആ തുക 200 ഡോളർ ആയി തുടരും. ഒരു വീട്ടിൽ ഒരാൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. പക്ഷേ ഓരോ താമസസ്ഥലത്തെയും ആളുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ധനസഹായം വിതരണം ചെയ്യുന്നത്.

താമസക്കാരെ സുരക്ഷിതമായി അവരുടെ വീടുകളിൽ തിരികെ എത്തിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു, എന്നാൽ ആളുകൾ വീട്ടിലേക്ക് മടങ്ങിയാലും വെല്ലുവിളികൾ ഉണ്ടായേക്കാം. തീപിടുത്തത്തിൽ നിന്ന് അനാവശ്യമായ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ താമസക്കാർ അവരുടെ എണ്ണ ടാങ്കുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ ജനങ്ങൾ അവരുടെ കിണറിലെ വെള്ളം പരിശോധിക്കുകയും വേണം. കിണർ ഫ്ലഷ് ചെയ്ത് അണുവിമുക്തമാക്കണം, തുടർന്ന് സാമ്പിൾ എടുക്കാൻ അഞ്ച് ദിവസം കാത്തിരിക്കണം.