ഓട്ടവ : ഫെഡറൽ എൻഡിപി അടുത്ത നേതാവിനെ കണ്ടെത്താനുള്ള മത്സരം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചു. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മുൻ ലീഡർ ജഗ്മീത് സിങ് രാജിവെച്ചതോടെയാണ് പുതിയ നേതാവിനെ കണ്ടെത്താൻ മത്സരത്തിന് കളമൊരുങ്ങിയത്. മാർച്ചിൽ നടക്കുന്ന ദേശീയ കൺവെൻഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടി അംഗങ്ങൾ റാങ്ക് ചെയ്ത ബാലറ്റ് ഉപയോഗിച്ച് സിങ്ങിന്‍റെ സ്ഥിരം പിൻഗാമിയെ കണ്ടെത്താൻ വോട്ട് ചെയ്യും.

നേതൃത്വ മത്സരാർത്ഥികൾ വിവിധ പ്രാദേശിക, വംശീയ, എൽജിബിടിക്യു+ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും പിന്തുണ ഉറപ്പാക്കണം. കൂടാതെ ഒരു സ്ഥാനാർത്ഥിയ്ക്ക് കുറഞ്ഞത് 10% 25 വയസ്സോ അതിൽ താഴെയോ പ്രായമുള്ള യുവ ന്യൂ ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണയും വേണം. കാനഡയിലെ അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് – അറ്റ്ലാൻ്റിക്, കെബെക്ക്, ഒൻ്റാരിയോ, പ്രൈറീസ്, ബ്രിട്ടിഷ് കൊളംബിയ, വടക്കൻ മേഖല – കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണയും സ്ഥാനാർത്ഥികൾ ഉറപ്പാക്കണം. മത്സരാർത്ഥികൾ ഒരു ലക്ഷം ഡോളർ പ്രവേശന ഫീസ് നൽകണമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു. അവസാന വോട്ടെടുപ്പ് മാർച്ചിൽ വിനിപെഗിൽ നടക്കും.