ഓട്ടവ : കാനഡ പോസ്റ്റും തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള കരാർ ചർച്ച അനിശ്ചിതത്തിലെന്ന് സൂചന. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വരെ, യൂണിയനുമായി മീറ്റിങ്ങുകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്ന് ക്രൗൺ കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകളിൽ, കമ്പനി നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കി യൂണിയന്‍റെ ഓഫറുകൾ പുനഃപരിശോധിക്കണമെന്ന് കാനഡ പോസ്റ്റ് ആവശ്യപ്പെട്ടു.

ജീവനക്കാർക്കും ഉപയോക്താക്കൾക്കും തിരിച്ചടിയാകുന്ന പണിമുടക്ക് അവസാനിപ്പിക്കുന്നതിനായി കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) മുന്നോട്ടു വരണമെന്ന് കാനഡ പോസ്റ്റ് വക്താവ് നിർദ്ദേശിച്ചു.

ജൂലൈയിൽ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് നടത്തിയ ഒരു വോട്ടെടുപ്പിന് ശേഷം, മെയ് മാസത്തിൽ കാനഡ പോസ്റ്റ് അവതരിപ്പിച്ച അന്തിമ ഓഫറുകൾ CUPW നിരസിച്ചു. തുടർന്ന് പോസ്റ്റൽ ജീവനക്കാർക്കായി യൂണിയൻ പുതിയ ഓഫർ കാനഡ പോസ്റ്റിനു മുന്നിലേക്ക് വയ്ക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 27-ന് ഫെഡറൽ മധ്യസ്ഥനുമായി നടന്ന ചർച്ചയ്ക്ക് ശേഷം, യൂണിയൻ മുന്നോട്ടുവെച്ച ഓഫർ കമ്പനിയുടെ ചെലവ് വർധിപ്പിക്കുന്ന നിർദ്ദേശങ്ങൾ അടങ്ങിയതാണെന്ന് കാനഡ പോസ്റ്റ് പറയുന്നു.