കെബെക്ക് സിറ്റി : കെബെക്ക് മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് പ്രഖ്യാപിച്ചു. ഇതോടെ ബുധനാഴ്ച കെബെക്ക് സിറ്റിയിൽ നടന്നത് അവസാനത്തെ പതിവ് മന്ത്രിസഭാ യോഗമായിരിക്കും. SAAQclic അഴിമതിയുടെ പശ്ചാത്തലത്തിൽ 45 മിനിറ്റ് മാത്രം നീണ്ടുനിന്ന ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത പല മന്ത്രിമാർക്കും സ്ഥാനചലനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2018-ൽ അധികാരത്തിൽ വന്നതിനുശേഷം, 2020-ൽ, കോവിഡ് മഹാമാരിക്കാലത്ത്, മാത്രമാണ് ലെഗോൾട്ട് മന്ത്രിസഭാ പുനഃസംഘടന നടത്തിയത്.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെ തന്‍റെ സർക്കാറിന്‍റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കാൻ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുക എന്നതാണ് ഫ്രാൻസ്വ ലെഗോൾട്ടിന്‍റെ ലക്ഷ്യം. ഇതിനായി സെപ്റ്റംബർ 16 ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന പാർലമെൻ്റ് സമ്മേളനം അദ്ദേഹം നീട്ടിവെച്ചേക്കാം. ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ലെഗോൾട്ടിന്‍റെ CAQ കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് പുതിയ സർവേ സൂചിപ്പിക്കുന്നു. നിലവിൽ 86 സീറ്റുകളുള്ള ലെഗോൾട്ടിന്‍റെ പാർട്ടി വെറും മൂന്ന് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് പുതിയ സർവേ ഫലം.