ഓട്ടവ : വേതന വർധന അടക്കമുള്ള എയർ കാനഡയുടെ പുതിയ ഓഫറിനെതിരെ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ വോട്ട് ചെയ്തതായി യൂണിയൻ. 99.4% യൂണിയൻ അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ 99.1% പേരും പുതിയ ഓഫറിനെതിരെ വോട്ട് ചെയ്തതായി കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് അറിയിച്ചു. പുതിയ താൽക്കാലിക കരാറിൽ എയർ കാനഡ ജൂനിയർ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾക്കും ഈ വർഷം 12% വേതന വർധനയും മുതിർന്ന അംഗങ്ങൾക്ക് എട്ട് ശതമാനം വർധനയും തുടർന്നുള്ള വർഷങ്ങളിൽ ചെറിയ വർധനയും ഉൾപ്പെടുന്നു.

അതേസമയം പുതിയ ഓഫർ നിരസിച്ചാൽ പണിമുടക്ക് ആരംഭിക്കില്ലെന്ന് ഇരു കക്ഷികളും മുമ്പ് സമ്മതിച്ചിരുന്നതിനാൽ, പണിമുടക്കോ ലോക്കൗട്ടോ ഉണ്ടാകില്ലെന്നും വിമാനങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും എയർ കാനഡയുടെ പ്രസ്താവനയിൽ അറിയിച്ചു. ആയിരക്കണക്കിന് യാത്രക്കാരുടെ വേനൽക്കാല യാത്രാ പദ്ധതികളെ തടസ്സപ്പെടുത്തിയ ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ മൂന്ന് ദിവസത്തെ പണിമുടക്ക് ഓഗസ്റ്റ് 19-ന് ഫെഡറൽ മധ്യസ്ഥന്‍റെ സഹായത്തോടെ അവസാനിച്ചിരുന്നു.