എഡ്മിന്‍റൻ : പ്രവിശ്യാ സർക്കാരുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഒക്ടോബർ 6-ന് പണിമുടക്ക് ആരംഭിക്കുമെന്ന് ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (എടിഎ) പ്രഖ്യാപിച്ചു. വെസ്റ്റ് എഡ്മിന്‍റനിലുള്ള അസോസിയേഷൻ ആസ്ഥാനത്ത് എടിഎ പ്രസിഡൻ്റ് ജേസൺ ഷില്ലിങ് ആണ് ഇക്കാര്യം അറിയിച്ചത്. യൂണിയനും ടീച്ചേഴ്‌സ് എംപ്ലോയർ ബാർഗെയിനിങ് അസോസിയേഷനും (TEBA) തമ്മിൽ കരാർ ചർച്ച ഓഗസ്റ്റിൽ പുനരാരംഭിച്ചെങ്കിലും കഴിഞ്ഞ ആഴ്ച സ്തംഭിച്ചു.

മാതാപിതാക്കൾക്ക് പണിമുടക്കിനെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ആവസരമൊരുക്കാനാണ് ഒക്ടോബർ ആറ് എന്ന സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ജേസൺ ഷില്ലിങ് അറിയിച്ചു. ജൂണിൽ പണിമുടക്കിന് അനുകൂലമായി യൂണിയൻ അംഗങ്ങളായ അധ്യാപകർ വോട്ട് ചെയ്തിരുന്നു. വർധിച്ചു വരുന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം, വേതന വർധന, അധ്യാപകർക്ക് കൂടുതൽ പിന്തുണ തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം പ്രവിശ്യാ സർക്കാർ നാലു വർഷത്തിനുള്ളിൽ അവർക്ക് 12% വേതന വർധന വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 അധ്യാപകരെ നിയമിക്കുമെന്നും പ്രവിശ്യാ സർക്കാർ പറയുന്നു.