എഡ്മിന്‍റൻ : താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമിൽ (TFWP) മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ഇതിനായി സർക്കാർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ നിർദ്ദിഷ്ട, തന്ത്രപരമായ മേഖലകളെയും നിർദ്ദിഷ്ട പ്രദേശങ്ങളിലെ ആവശ്യങ്ങളെയും പരിഗണിച്ചായിരിക്കും പ്രോഗ്രാമിൽ മാറ്റം വരുത്തുകയെന്ന് എഡ്മിന്‍റൻ ലിബറൽ കോക്കസിനെ അഭിസംബോധന ചെയ്ത് കാർണി പറഞ്ഞു. എന്നാൽ എന്തൊക്കെ മാറ്റങ്ങളാണ് പ്രോഗ്രാമിൽ വരുത്തുകയെന്ന് കാർണി വ്യക്തമാക്കിയിട്ടില്ല. അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ, TFWP-ൽ സർക്കാർ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

വിദേശ പൗരന്മാർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിനുള്ള കാനഡയുടെ പ്രധാന പദ്ധതിയാണ് TFWP. തൊഴിലാളിക്ക് വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് കാനഡയിലെ തൊഴിലുടമ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്‌മെൻ്റ് (LMIA) നടത്തണമെന്ന് പ്രോഗ്രാം ആവശ്യപ്പെടുന്നു. കനേഡിയൻ പൗരന്മാർക്ക് തൊഴിലവസരങ്ങൾ കുറയുന്നതായി ചൂണ്ടിക്കാട്ടി കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ ലീഡർ പിയേർ പൊളിയേവ് താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.