ടൊറൻ്റോ : ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ഫുട്ബോൾ ലോകകപ്പിന്‍റെ കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ടൂർണമെൻ്റിന്‍റെ ആദ്യ ഘട്ട ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 10 ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 60 ഡോളർ മുതൽ ആരംഭിക്കുമെന്നും ഫൈനൽ ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 6,730 ഡോളർ വരെ ഉയരുമെന്നും ഫിഫ സ്ഥിരീകരിച്ചു. വടക്കേ അമേരിക്കയിലെ 16 നഗരങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് 2026 ജൂണിൽ ആരംഭിച്ച് ജൂലൈ 19 ന് ഫൈനലോടെ അവസാനിക്കും. യുഎസിലെയും മെക്സിക്കോയിലെയും പ്രധാന നഗരങ്ങൾക്ക് ഒപ്പം കാനഡയിലെ ടൊറൻ്റോ, വൻകൂവർ എന്നീ നഗരങ്ങളും മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

സെപ്റ്റംബർ 10 മുതൽ സെപ്റ്റംബർ 19 വരെ നടക്കുന്ന എക്സ്ക്ലൂസീവ് വീസ പ്രീസെയിൽ നറുക്കെടുപ്പിലൂടെയാണ് ആദ്യഘട്ട വിൽപ്പന നടക്കുക. ഈ ഘട്ടത്തിൽ ഏകദേശം പത്ത് ലക്ഷത്തോളം ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് ഫിഫ അറിയിച്ചു. ഫിഫ ഐഡിയും സാധുവായ വീസ കാർഡും ഉള്ള 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആരാധകർക്ക് ടിക്കറ്റ് വാങ്ങാനുള്ള അവസരത്തിനായി നറുക്കെടുപ്പിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും ആരാധകർ FIFA.com/tickets-ൽ FIFA ഐഡി സൃഷ്ടിക്കണം. വിജയികളായ അപേക്ഷകരെ സെപ്റ്റംബർ 29 മുതൽ അറിയിക്കുകയും ഒക്ടോബർ 1 മുതൽ ടിക്കറ്റുകൾ വാങ്ങുന്നതിന് സ്ലോട്ട് നൽകുകയും ചെയ്യും.

വീസ പ്രീസെയിലിനുശേഷം, കൂടുതൽ ടിക്കറ്റ് വിൽപ്പന ഘട്ടം ഘട്ടമായി തുടരും. രണ്ടാം ഘട്ടം ഒക്ടോബർ അവസാനം മുതൽ ഡിസംബർ വരെ ആസൂത്രണം ചെയ്തിട്ടുണ്ട്. ഡിസംബർ 5-ന് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പിന് ശേഷമായിരിക്കും അവസാന ഘട്ടം. ശേഷിക്കുന്ന ടിക്കറ്റുകൾക്കായി ടൂർണമെന്റിന് അടുത്ത് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അന്തിമ വിൽപ്പന നടക്കും. ഗ്യാരണ്ടീഡ് മാച്ച് ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി പാക്കേജുകൾ ഇതിനകം FIFA.com/hospitality-യിൽ ലഭ്യമാണ്. വ്യാജ ടിക്കറ്റുകൾ ഒഴിവാക്കാൻ ഔദ്യോഗിക ചാനലുകൾ വഴി മാത്രം ടിക്കറ്റുകൾ വാങ്ങാൻ ഫിഫ ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.