ഓട്ടവ : ഇന്ധന ഗേജുകളുടെ തകരാറുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി പതിനായിരത്തിലധികം മസ്ദ എസ്‌യുവികൾ കാനഡയിൽ തിരിച്ചുവിളിച്ചു. 2024, 2025 മോഡൽ CX-90, 2025 CX-70 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ വാഹനങ്ങളുടെ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിൽ തെറ്റായ ഇന്ധന നില കാണിക്കുകയും, തൽഫലമായി, ടാങ്കിൽ എത്ര ഇന്ധനമുണ്ടെന്ന് ഡ്രൈവർക്ക് മനസിലാവാതെ വരികയും ചെയ്യും. ഇത് കാരണം ഇന്ധനം തീർന്ന് വാഹനത്തിന്‍റെ എഞ്ചിൻ പണിമുടക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു. സമാനമായ കാരണത്താൽ ഒരു ലക്ഷത്തിലധികം മസ്ദ CX-90, CX-70 എസ്‌യുവികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലും തിരിച്ചുവിളിച്ചിട്ടുണ്ട്.

മസ്ദ ഡീലർഷിപ്പിൽ അറ്റകുറ്റപ്പണികൾക്കുള്ള അപ്പോയിന്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുന്നതിന് ഉടമകളെ മെയിൽ വഴി ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു. തുടർന്ന് ബാധിത വാഹനങ്ങളിലെ ബോഡി കൺട്രോൾ മൊഡ്യൂളിനുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യും. അതേസമയം, ഗേജ് ടാങ്കിന്‍റെ നാലിലൊന്ന് ഭാഗത്തേക്ക് താഴുന്നതിന് മുമ്പ് വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് കമ്പനി നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക്, ഉടമകൾക്ക് മസ്ദയുമായി 1-800-263-4680 എന്ന നമ്പറിലോ അവരുടെ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാം.