കെബെക്ക് സിറ്റി : പ്രവിശ്യാ തലസ്ഥാനത്ത് സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. കെബെക്ക് സിറ്റിയിൽ 2020 ൽ 48 ആയിരുന്ന സിഫിലിസ് കേസുകൾ 2024 ആയപ്പോഴേക്കും 170 കേസുകളായി വർധിച്ചതായി സിഐയുഎസ്എസ് ഡി ലാ കാപിറ്റേൽ-നാഷണൽ റിപ്പോർട്ട് ചെയ്തു. നാല് വർഷത്തിനിടെ സിഫിലിസ് കേസുകളിൽ 355 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായിട്ടുള്ളത്. മറ്റൊരു പ്രധാന നഗരമായ ചൗഡിയർ-അപ്പാലാച്ചസിൽ, സിഫിലിസ് കേസുകൾ 29 ൽ നിന്ന് 76 ആയി ഉയർന്നു. 262% വർധന.

അപരിചിതർ തമ്മിലുള്ള ലൈംഗിക ബന്ധം വർധിച്ചതാണ് നിലവിൽ കേസുകളിലെ വർധനയ്ക്ക് പ്രധാന കാരണം, പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. നഥാനൽ തെരിയോൾട്ട് പറയുന്നു. കൂടാതെ ഡേറ്റിങ് ആപ്പുകളുടെ എണ്ണം വർധിച്ചതോടെ രോഗബാധിതനായ വ്യക്തിയുമായുള്ള ലൈംഗിക ബന്ധത്തിനുള്ള സാധ്യത കൂടാൻ ഇടയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അണുബാധ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം സുരക്ഷിതമായ ലൈംഗീകബന്ധവും ശരിയായ ഗർഭനിരോധന മാർഗ്ഗം സ്വീകരിക്കണമെന്നും ഡോ. നഥാനൽ തെരിയോൾട്ട് മുന്നറിയിപ്പ് നൽകി.

ഹെപ്പറ്റൈറ്റിസ് ബിയെ സംബന്ധിച്ചിടത്തോളം, കേസുകളുടെ എണ്ണവും ഭീമാകാരമായി വർധിച്ചുവെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കെബെക്ക് സിറ്റിയിൽ 485 ശതമാനത്തിന്‍റെയും ചൗഡിയർ-അപ്പാലാച്ചസിൽ 220 ശതമാനത്തിന്‍റെയും വർധനയാണ് ഉണ്ടായിട്ടുള്ളത്. പ്രവിശ്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന ആളുകൾ രോഗം പടർത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി.