കെയ്പ് ബ്രെറ്റൺ : നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ന്യൂ വിക്ടോറിയയിലെ ഹൈവേ 28 ൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് കെയ്പ് ബ്രെറ്റൺ റീജനൽ പൊലീസ് സർവീസ് (CBRPS) അറിയിച്ചു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ അപകടത്തിലുൾപ്പെട്ട ഒരു വാഹനം റോഡരികിലെ കുഴിയിൽ തലകീഴായി കിടക്കുകയായിരുന്നു. രണ്ടാമത്തെ വാഹനം റോഡിൽ തന്നെ തകർന്ന നിലയിലും കണ്ടെത്തി.

ഒരു വാഹനത്തിന്‍റെ ഡ്രൈവർ, 74 വയസ്സുള്ള ന്യൂ വിക്ടോറിയ സ്വദേശിയായ വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സിഡ്നിയിൽ താമസിക്കുന്ന 26 വയസ്സുള്ള മറ്റൊരു ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നും പിന്നീട് അദ്ദേഹത്തെ ഹാലിഫാക്സിലേക്ക് ഹെലികോപ്റ്റർ വഴി മാറ്റിയെന്നും പൊലീസ് അറിയിച്ചു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 902-563-5151 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സിബിആർപിഎസ് അഭ്യർത്ഥിച്ചു.