ലെത്ത്ബ്രിഡ്ജ് : ഓൺലൈൻ വഴി പരിചയപ്പെട്ട 12 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കാൽഗറി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി ലെത്ത്ബ്രിഡ്ജ് പൊലീസ് അറിയിച്ചു. ഇരുപത്തിയാറു വയസ്സുള്ള ജാംഗർ അലി സമീറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലൈംഗികാതിക്രമം, ലൈംഗിക ഇടപെടൽ, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കൽ തുടങ്ങി നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഏപ്രിൽ 23 ന് 12 വയസ്സുള്ള കുട്ടിയെ കാണാതായതായി ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജാംഗർ അലി അറസ്റ്റിലായത്. പെൺകുട്ടിയെ ഓൺലൈനിൽ പരിചയപ്പെട്ട ജാംഗർ ലെത്ത്ബ്രിഡ്ജിൽ വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതായി പൊലീസ് പറയുന്നു. തുടർന്ന് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. വാടക വീട് പൊലീസ് പരിശോധിച്ച് തെളിവുകൾ കണ്ടെത്തി. ജാംഗർ അലി സമീറിനെ ബുധനാഴ്ച കാൽഗറി പൊലീസിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. അയാളുടെ വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കൂടുതൽ പേർ ഇരകളായി ഉണ്ടാകാമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. ‘സാം’ എന്ന പേരിലാണ് സമീർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇരയാക്കപ്പെട്ടവർ അല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്ന വിവരങ്ങൾ കൈവശമുള്ളവർ, 403-328-4444 എന്ന നമ്പറിൽ ലെത്ത്ബ്രിഡ്ജ് പൊലീസുമായി ബന്ധപ്പെടണം.