ഫ്രെഡറിക്ടൺ : സുരക്ഷാ കാരണങ്ങളാൽ ഇലക്ട്രിക് സ്കൂൾ ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചതായി ന്യൂബ്രൺസ്വിക് സർക്കാർ അറിയിച്ചു. കെബെക്ക് ആസ്ഥാനമായുള്ള ലയൺ ഇലക്ട്രിക്ക് കമ്പനിയുടെ 22 ബസുകളാണ് പിൻവലിച്ചതെന്ന് പ്രവിശ്യാ ഗതാഗത, അടിസ്ഥാന സൗകര്യ വകുപ്പ് വക്താവ് ജേസൺ ഹോയ്റ്റ് പറഞ്ഞു. ജീവനക്കാർ ബസുകൾ പരിശോധിക്കുന്നുണ്ടെന്നും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ലയൺ ഇലക്ട്രിക്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രഥമ പരിഗണനയെന്നും ജേസൺ ഹോയ്റ്റ് അറിയിച്ചു.

ആംഗ്ലോഫോൺ ഈസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റിന് 11 ലയൺ ഇലക്ട്രിക് ബസുകളും, ആംഗ്ലോഫോൺ സൗത്തിന് 10 ഉം, ഫ്രാങ്കോഫോൺ സുഡ് സ്കൂൾ ഡിസ്ട്രിക്റ്റിൽ ഒരു ബസുമുണ്ട്. സ്കൂൾ ബസ് സർവീസുകൾ നിയന്ത്രിക്കുന്നത് സ്കൂൾ ഡിസ്ട്രിക്റ്റുകളാണെന്ന് ജേസൺ ഹോയ്റ്റ് പറഞ്ഞു. ഓരോ ജില്ലയ്ക്കും പ്രവിശ്യാ മാനേജ്ഡ് ഫ്ലീറ്റിൽ നിന്ന് സ്കൂൾ ബസുകൾ അനുവദിച്ചിട്ടുണ്ട്, കൂടാതെ ദൈനംദിന സർവീസിലുള്ള ബസുകൾ റോഡിൽ നിന്ന് മാറ്റേണ്ടിവരുമ്പോൾ സ്പെയറായി ഉപയോഗിക്കുന്നതിന് ഒരു നിശ്ചിത എണ്ണം വാഹനങ്ങൾ നീക്കിവെക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
