ഹാലിഫാക്സ് : പിക്റ്റൗ കൗണ്ടിയിലെ രണ്ട് കുട്ടികളുടെ തിരോധാനത്തിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെ ഉപയോഗിച്ച് തിരച്ചിൽ പുനഃരാരംഭിക്കുന്നു. അതേസമയം അന്വേഷണം ആരംഭിക്കുന്ന തീയതി, സമയം, സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ RCMP പുറത്തുവിട്ടിട്ടില്ല. അന്വേഷണവും ഉദ്യോഗസ്ഥരുടെ സുരക്ഷയും കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് വക്താവ് സിൻഡി ബയേഴ്‌സ് പറഞ്ഞു. അതേസമയം കുട്ടികൾ മരിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഇതുവരെയുള്ള തിരച്ചിലിൽ കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഏപ്രിൽ രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കും അപ്രത്യക്ഷരായത്. മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച RCMP പൊലീസ് ഡോഗ് സർവീസ് ടീമുകളെ ഈ അന്വേഷണത്തിൽ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഇതിനു മുമ്പ് മനുഷ്യ ഗന്ധം പിടിക്കാൻ കഴിവുള്ള പൊലീസ് നായ്ക്കളെയാണ് തിരച്ചിലിൽ ഉപയോഗിച്ചത്.