Thursday, March 26, 2026

ഡോക്ടർമാരില്ല: ഒൻ്റാരിയോ ആരോഗ്യമേഖല ശോചനീയാവസ്ഥയിൽ

ടൊറൻ്റോ : ജീവിതശൈലീരോഗങ്ങളും സാംക്രമിക രോഗങ്ങളും ജന്തുജന്യരോഗങ്ങളുമെല്ലാം വെല്ലുവിളിയുയർത്തുമ്പോൾ ഒൻ്റാരിയോയിലെ ആരോഗ്യമേഖല പരിതാപകരമായ അവസ്ഥയിലെന്ന് പുതിയ റിപ്പോർട്ട്. എമർജൻസി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടർമാരുടെ ക്ഷാമവുമാണ് പ്രധാന പ്രശ്നങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനസംഖ്യാ വർധന ആരോഗ്യമേഖലയിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എമർജൻസി റൂമിൽ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട സമയം വർധിച്ചതോടെ കഴിഞ്ഞ വർഷം ഏകദേശം 300,000 രോഗികൾ ചികിത്സ ഉപേക്ഷിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രവിശ്യയിൽ ചികിത്സയ്ക്കായി കാത്തിരിക്കേണ്ട സമയം വർധിച്ചതായി തിങ്ക് ടാങ്കിന്‍റെ റിപ്പോർട്ടിലെ പുതിയ കണ്ടെത്തലുകൾ കാണിക്കുന്നു. കഴിഞ്ഞ വർഷം ഒൻ്റാരിയോയിൽ 292,695 രോഗികൾ ചികിത്സയില്ലാതെ അടിയന്തര ചികിത്സാ കേന്ദ്രം വിട്ടുപോയതായി ഒൻ്റാരിയോ ലിബറൽ ഹെൽത്ത് നിരൂപകൻ ഡോ. ആദിൽ ഷംജി പറയുന്നു. ഓരോ ഒൻ്റാരിയോ നികുതിദായകരും ഫാമിലി ഡോക്ടറെ കാണാനും ആരോഗ്യ സംരക്ഷണം ആവശ്യമുള്ളപ്പോൾ അതിനുള്ള സൗകര്യത്തിനും പണം നൽകുന്നുണ്ട്. എന്നാൽ, ജീവൻ അപകടത്തിലാകുന്ന നിമിഷങ്ങളിൽ അവർക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. കൂടുതൽ ഡോക്ടർമാരെ നിയോഗിക്കുന്നതിലൂടെ ആശുപത്രികളുടെ ഭാരം ലഘൂകരിക്കാൻ സഹായിക്കുമെന്ന് ഡോ. ആദിൽ ഷംജി പറഞ്ഞു.

അതേസമയം പ്രവിശ്യയിലെ ഡോക്ടർമാരുമായി പുതിയ കരാറിൽ എത്തിയതായി ഒൻ്റാരിയോ സർക്കാർ പറയുന്നു. സർക്കാരുമായുള്ള പുതിയ നാല് വർഷത്തെ കരാർ പ്രകാരം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡോക്ടർമാർക്ക് 7.3% വേതന വർധന ലഭിക്കും. കരാറിന്‍റെ ആദ്യ വർഷത്തിലെ 10% വേതന വർധനയ്ക്ക് പുറമേയാണിത്. പുതിയ രോഗികളെ സ്വീകരിക്കാൻ കുടുംബ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കുന്ന നിക്ഷേപങ്ങൾ പുതിയ കരാറിൽ ഉൾപ്പെടുന്നുവെന്നും, ഫാർമസിസ്റ്റുകൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നത് പോലുള്ള ചില നയപരമായ മാറ്റങ്ങൾ പ്രവിശ്യയിലുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!