ഓട്ടവ : കാനഡയിൽ സെമി-ഓട്ടോമാറ്റിക് എസ്‌കെഎസ് റൈഫിളുകൾ നിരോധിക്കണമെന്ന ആവശ്യവുമായി പ്രമുഖ ഗൺ കണ്ട്രോൾ ഗ്രൂപ്പായ പോളിസെസൗവിയൻ്റ് രംഗത്ത്. എസ്‌കെഎസ് വിൽപ്പന ഉടൻ നിരോധിക്കണമെന്നും റൈഫിളിന്‍റെ ആധുനിക, അസോൾട്ട്-സ്റ്റൈൽ വിപണിയിൽ നിന്നും നീക്കം ചെയ്യണമെന്നും പഴയ മോഡലുകളെ ബൈബാക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തണമെന്നും സംഘടന ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

നിരോധിത തോക്കുകൾ തിരികെ വാങ്ങുന്ന ഫെഡറൽ ബൈബാക്ക് പ്രോഗ്രാമിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ച് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി പ്രഖ്യാപിക്കാനിരിക്കെയാണ് ഇത്തരമൊരു നിർദ്ദേശവുമായി സംഘടന രംഗത്ത് എത്തിയിരിക്കുന്നത്. 2020 മെയ് മുതൽ, യുദ്ധക്കളത്തിൽ മാത്രം ഉപയോഗിക്കുന്ന ഏകദേശം 2,500 തരം തോക്കുകൾ കനേഡിയൻ സർക്കാർ നിരോധിച്ചിട്ടുണ്ട്. എന്നാൽ, തദ്ദേശീയ കമ്മ്യൂണിറ്റി അംഗങ്ങൾ വേട്ടയാടാൻ സാധാരണയായി ഉപയോഗിക്കുന്ന എസ്‌കെഎസിനെ സർക്കാർ നിരോധിച്ചിട്ടില്ല.

അതേസമയം എസ്‌കെഎസ് നിരോധിക്കാത്തിടത്തോളം, കാനഡയിൽ അസോൾട്ട്-സ്റ്റൈൽ ആയുധങ്ങൾക്ക് നിരോധനം ഇല്ലെന്ന് പോളിസെസൗവിയൻ്റ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ എസ്‌കെഎസ് മോഡലുകൾ വിപണിയിൽ സജീവമാണെന്നും മറ്റു നിരോധിത തോക്ക് മോഡലുകൾക്ക് പകരമാവുകയും ചെയ്യുന്നതായി ഗ്രൂപ്പ് ആരോപിക്കുന്നു. നിലവിലെ അവസ്ഥ തോക്ക് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതും തോക്ക് ലോബിയെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നതാണെന്ന് ഗ്രൂപ്പ് പറയുന്നു.